ഉപ്പള.ദേശീയപാത വികസത്തിൻ്റെ ഭാഗമായി പാലങ്ങളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ഷിറിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
തലപ്പാടി - ചെങ്കള റീച്ചിലെ പ്രധാന പാലങ്ങളിലൊന്നാണ് ഷിറിയ പാലം.
ഉപ്പള പാലത്തിൽ ഗർഡർ സ്ഥാപിക്കാൻ ഉപയോഗിച്ച അതേ രീതിയിൽ തന്നെയാണ് ഇവിടെയും പ്രവൃത്തികൾ പുരോഗമിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ യന്ത്രങ്ങൾക്കു പുറമേ നൂറോളം ജീവനക്കാരുടെ സേവവും ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.
പത്തിലേറെ എൻജിനിയർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇരുകരകളിലെയും തൂണുകൾക്ക് മുകളിൽ ഗർഡർ ഘടിപ്പിച്ച് കഴിഞ്ഞു.
കൂറ്റൻ ക്രൈനുകളുടെ സഹായത്തോടെ മധ്യഭാഗത്തെ തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇത് ഏറെ ശ്രമകരമായ പ്രവൃത്തിയായതിനാൽ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതിയുമുണ്ടാകും.
പ്രത്യേകം ട്രാക്കുകൾ ഒരുക്കിയാണ് ഗർഡർ തൂണുകൾക്ക് മുകളിൽ എത്തിക്കുന്നത്.
അതേ സമയം പൊസോട്ട് മുതൽ മൊഗ്രാൽ വരെയുള്ള എട്ടോളം പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഇതിൽ കുമ്പള പാലം മൂന്നാഴ്ച മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പൊസോട്ട്,ഉപ്പള, എന്നിവിടങ്ങളിൽ അവസാനവട്ട മിനുക്ക് പണികളും കഴിഞ്ഞു.
മൊഗ്രാൽ പാലത്തിൻ്റെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.

