കുമ്പള.പൊലിസ് പിന്തുടര്‍ന്നതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ട് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ കുമ്പളയിലെ മൂന്ന് പൊലിസുകാരെ പ്രതികളാക്കി നരഹത്യക്ക് കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സംഭവത്തിന് ഉത്തരവാദികളായ
എസ്.ഐക്കും രണ്ടു പൊലിസുകാര്‍ക്കുമെതിരേ കേസെടുത്ത് സമൻസ് അയക്കാൻ ഉത്തരവിട്ടത്.
അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഫറാസ് (17) മരിച്ച സംഭവത്തില്‍ മാതാവ് സഫിയ കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് കോടതി നടപടി.
സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ കോടതി നേരിട്ടാണ് അന്വേഷണം.
മൂന്ന് സാക്ഷികൾ ജനവരി ആറിന് കോടതിയില്‍ നേരിട്ട് ഹാജാറായി മൊഴി നൽകിയിരുന്നു.
മാതാവിന്റെ മൊഴിയും കോടതി നേരിട്ട് എടുത്തു.
ഇന്നലെയാണ് മൂന്ന് പൊലിസ് കാരെയും പ്രതികളാക്കി സമൻസ് അയക്കാൻ ഉത്തരവായത്. സി.ആര്‍പിസി 190. 200 വകുപ്പുകള്‍ പ്രകാരമാണ് മാതാവ് കോടതിയെ സമീപച്ചത്.
2023 ഓഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി സുഹൃത്തുക്കളോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍ കുമ്പള എസ്.ഐയും സംഘവും കാറിന്റെ ഡോറില്‍ ഇടിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു. പിന്നാലെ പൊലിസ് ജീപ്പ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് മുഹമ്മദ് ഫറാസ് മരിച്ചത്.
ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയിലായിരുന്ന ഫറാസ് ഓഗസ്റ്റ് 29ന് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ പൊലിസിനെതിരേ നടപടിയാവശ്യപ്പെട്ട് മാതാവ് സഫിയ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. പരാതികള്‍ മാറിമാറി നല്‍കിയിട്ടും കുറ്റാരോപിതരായ പൊലിസുകാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നും എ.കെ.എം അഷ്‌റഫും കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേനയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ് ലിം ലീഗ് നിരന്തരം സമര നിയമ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി വരികയായിരുന്നു.

