ന്യൂഡൽഹി.പ്രധാന മന്ത്രി പദവിയെ ചൊല്ലി അസംതൃപ്ത്തനായ
ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇൻഡ്യ മുന്നണി കൺവീനറുടെ ചുമതല നൽകിയേക്കുമെന്ന് റിപ്പോർട്ട്.
ഇതു ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരും.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയറാം രമേശ്, കെ.സി വേണുഗോപാൽ മറ്റ് പാർട്ടികളിൽ നിന്നുള്ള രണ്ട് നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തോടുള്ള അതൃപ്തി നിതീഷ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഡിസംബർ 29 ന് ഡൽഹിയിൽ നടന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവിന് ശേഷം ബിഹാർ മുഖ്യമന്ത്രി ഇൻഡ്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ നിരാശപ്രകടിപ്പിച്ചിരുന്നു. തന്റെ നിർദ്ദേശങ്ങളൊന്നും ഗൗനിക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.
രാഷ്ട്രീയ ജനതാദൾ തലവൻ ലാലു പ്രസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, ഇടതുപാർട്ടികളുടെ നേതാക്കൾ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് നിതീഷിനെ കൺവീനറാക്കാനുള്ള നീക്കമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് മുൻകൈ എടുത്ത് നടത്തുന്ന പുതിയ നീക്കത്തെ മറ്റുകക്ഷികളും അംഗീകരിച്ചുവെന്നാണ് കരുതുന്നത്.
അതേ സമയം തെരെഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

