യു.എൻ.ഗസക്കു മേൽ ഇസ്റാഈൽ തുടരുന്ന അധിനിവേശത്തിനെതിരേ ശക്തയായ താക്കീതുമായി ഇന്ത്യ.യു.എന്‍ പൊതുസഭയിലാണ് വീണ്ടും ഫലസ്തീന് വേണ്ടി ഇന്ത്യയുടെ ശബ്ദമുയർന്നത്. ഗസയിൽ ഇസ്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അപലപനീയമാണെന്നും നോക്കി നിൽക്കാനില്ലെന്നും ഇന്ത്യ വ്യക്തമാക്കി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി രുചിര കാംബോജ് ആണ് രാജ്യത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്.
ഇസ്‌റാഈലും ഹമാസും നടത്തിവരുന്ന യുദ്ധത്തില്‍ സാധാരണക്കാര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വന്‍തോതില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാനുഷികപരമായ വലിയൊരു പ്രതിസന്ധിയാണ് ഗസ്സയിലെ സാധാരണക്കാര്‍ അനുഭവിക്കുന്നത്. ഇത് ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയില്ല. സാധാരണക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഇന്ത്യ, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെ ഒരിക്കലൂടെ അപലപിക്കുകയും ചെയ്തു.
പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണമാണെന്ന് അറിയാം. അത്തരത്തിലുള്ള ആക്രമണങ്ങളും ആളുകളെ ബന്ദികളാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളോട് ഒരുനിലക്കും സന്ധിചെയ്യാത്ത രാജ്യമാണ് ഇന്ത്യ. ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇക്കാര്യത്തില്‍ യു.എന്നിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
മാനുഷിക സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും
സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇന്ത്യ നല്‍കിയ സന്ദേശം. അതിനിടെ ഇസ്റാഈൽ പൂർണമായും ഒറ്റപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നിങ്ങുന്നതെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

