തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പലയിടത്തും പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ
അറസ്റ്റ് ചെയ്ത ശേഷം പൊലിസ് അപമര്യാദമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിലായിരുന്നു അടൂരിലെ പ്രതിഷേധം. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലും കണ്ണൂരിലും പ്രതിഷേധമുണ്ടായി. കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണര്‍ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.
വരും ദിവസങ്ങളിലും പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനം.

