മൊഗ്രാൽ.വൈദ്യുതി തടസം പതിവായ മൊഗ്രാൽ നാങ്കിയിൽ വോൾട്ടേജ് ക്ഷാമവും കൂടി നേരിടുന്നത് ഗാർഹിക ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുന്നതായി കാണിച്ച് മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ് ട്രഷറർ അഷ്റഫ് സീമാൻ എ.കെ.എം അഷ്റഫ് എം.എൽ.എയ്ക്ക് പരാതി നൽകി.
നാങ്കി തീരദേശ മേഖലയിൽ രാത്രി- പകൽ ഭേദമില്ലാതെയാണ് മണിക്കൂറുകളോളം വൈദ്യുതി തടസം നേരിടുന്നത്. ഒപ്പം വോൾട്ടേജ് ക്ഷാമവും കൂടി നേരിടുന്നത് വീട്ടുകാരുടെ ദുരിതം വർധിപ്പിക്കുന്നുമുണ്ടെന്ന് പരാതിയിൽ പറയുന്നു.
ഇക്കാര്യം നിരവധി തവണ കെ.എസ്.ഇ.ബി കുമ്പള സെക്ഷൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നപരിഹാരമായിട്ടില്ല. അമിതഭാരമാണ് പ്രദേശത്തെ വൈദ്യുതിക്ഷാമത്തിന് കാരണമാവുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടും പ്രദേശത്ത് ട്രാൻസ്ഫോർമറുകളിലടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കെ.എസ്.ഇ.ബി തയ്യാറാവാത്തതാണ് ഇത്ര വലിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണമാവുന്നതെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷം കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസ്.എൽ ഉൾപ്പെടുത്തി മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുമെന്നും, വൈദ്യുതി-2 പദ്ധതിയുടെ ഭാഗമായി കുമ്പള അടക്കമുള്ള കെ.എസ്.ഇ.ബി സെക്ഷനിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുമെന്നും ഇതിനായി 42.39 കോടി രൂപ വകവരുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേ വൈദ്യുതി മന്ത്രി.കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നാങ്കി കടപ്പുറത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നാ വശ്യപ്പെട്ടാണ് ഫ്രണ്ട്സ് ക്ലബ് ട്രഷറർ അഷ്റഫ് സീമാൻ എംഎൽഎയ്ക്ക് നിവേദനം നൽകിയത്.
കോയിപ്പാടി -കൊപ്പളം തീരദേശ മേഖലയിൽ കൂടുതൽ കേബിളുകൾ സ്ഥാപിച്ചും, നാങ്കി കടപ്പുറത്ത് പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിച്ചും വൈദ്യതി ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. കുമ്പള കെഎസ്ഇബി സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്നാസർ മൊഗ്രാൽ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.
കടുത്ത വേനലും, പരീക്ഷാക്കാലവും, റംസാനുമൊക്കെ പടിവാതിക്കലത്തിൽ എത്തിനിൽക്കെ തുടരെയുള്ള വൈദ്യുതി തടസത്തിലും, വൈദ്യുതി ക്ഷാമത്തിലും വലിയ ആശങ്കയിലാണ് നാട്ടുകാർ.

