തിരുവനന്തപുരം.കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കിനാലൂരിൽ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കാസർകോട് ജില്ലയെ പരിഗണിക്കാനാവില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം ഡയറക്ടർ മൊഗ്രാൽ ദേശീയവേദിക്ക് അയച്ച കത്തിൽ അറിയിച്ചു. മൊഗ്രാൽ ദേശീയവേദി നവ കേരള സദസിൽൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മെഡിക്കൽ ഡയറക്ടർ നിലപാട് വ്യക്തമാക്കിയത്.
ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2012 ഉക്കിനടുക്കയിൽ ആരംഭിച്ച മെഡിക്കൽ കോളേജിനെ പൂർണ സജ്ജമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണെന്ന് കത്തിൽപറയുന്നു.
എന്നാൽ സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിക്കാതെ സർക്കാർ മെഡിക്കൽ കോളേജിനെ പാടെ മറക്കുകയും ചെയ്തു.
എൻഡോസൾഫാൻ രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന "എയിംസ്'' കാസർകോട് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നാ വശ്യപ്പെട്ടാണ് മൊഗ്രാൽ ദേശീയവേദി നവ കേരള സദസിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയത്. ഇതിനുള്ള മറുപടിയിലാണ് എയിംസിന്റെ കാര്യത്തിലും, മെഡിക്കൽ കോളജിന്റെ കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 10 വർഷമായിട്ടും മെഡിക്കൽ കോളേജ് പൂർത്തിയാകാത്തതും, "ക്ലിനിക്കായി'' പ്രവർത്തിക്കുന്നതും ദേശീയവേദി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

