മഞ്ചേശ്വരം.അതിർത്തി പ്രദേശത്തുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കർണാടകയുമായി അതിർത്തി പങ്കിടുന്ന വോർക്കാടി പഞ്ചായത്തിലെ ജനങ്ങളാണ് കടുത്ത യാത്രാ ദുരിതം നേരിടുന്നത്.
ബാക്രബയൽ, പാത്തൂർ, ആനക്കല്ല് എന്നീ അതിർത്തി പ്രദേശങ്ങളിലെ നൂറ് കണക്കിന് വിദ്യാർഥികൾ മംഗളൂരുവിലെ കോളേജുകളിലേക്കാണ് പഠനത്തിന് പോകുന്നത്.
രാവിലെ രണ്ടും മൂന്നും ബസിലായി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. അതിനാൽ കൃത്യ സമയങ്ങളിൽ ക്ലാസിൽ എത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, വൈകിയെത്തുന്നത് കാരണം പരീക്ഷകൾ പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അതിർത്തി മേഖലയായതിനാൽ ഈ ഭാഗങ്ങളിലെ ഭൂരിഭാഗം ആളുകളും മംഗളൂരു ഭാഗങ്ങളിലേക്കാണ് ജോലിക്കായി പോകുന്നത്, ഇവരെയും യാത്ര ദുരിതം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇത് കാരണം പത്ത് മണിക്ക് കോളജിൽ എത്തേണ്ട വിദ്യാർഥികളും ജോലി സ്ഥലങ്ങളിൽ എത്തേണ്ടവരും രാവിലെ ആറിന് തന്നെ വീട്ടിൽ നിന്നും ഇറങ്ങേണ്ട സ്ഥിതിയാണ്.കാസർകോട് നിന്നും മഞ്ചേശ്വരം വോർക്കാടി വഴി കർണാടക ബിസി റോഡിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വോർക്കാടി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകൾക്ക് ജില്ലാ ആസ്ഥാനാമായ കാസർകോട്ടേക്ക് എത്തണമെങ്കിലും വലിയ ബുദ്ധിമുട്ട് നേരിടേണ്ട സ്ഥിതിയാണ്. ഇത് പോലെ രണ്ടും മൂന്നും ബസുകളിലായി യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. അധിക ചിലവുകൾക്കും സമയ നഷ്ടത്തിനും കാരണമാകുന്നു. അതിനാൽ ഈ ഭാഗങ്ങളിലെ സാധാരണക്കാരായ ആളുകളുടെയും വിദ്യാർഥികളുടെയും ദുരിതം കണക്കിലെടുത്ത് കാസർകോട് നിന്നും വോർക്കാടി വഴി ബിസി റോഡ് ബസ് സർവീസ് ഉടൻ ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

