തിരുവനന്തപുരം.സംസ്ഥാന അതിർത്തിയോട് ചേർന്ന പൈവളിഗെയിൽ നിർദ്ദിഷ്ട പൊലിസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
എ.കെ.എം അഷ്റഫ് എം.എൽ.എയുടെ സബ്ബ് മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകയോട് അതിർത്തി പങ്കിടുന്നതും, ദൈനം ദിനം കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ഇവിടെ
കുമ്പള,മഞ്ചേശ്വരം എന്നീ രണ്ട് പോലീസ് സ്റ്റേഷനുകളാണുള്ളത്. ഈ സ്റ്റേഷനുകളുടെ പ്രവർത്തന പരിധി ഏറെ വിസ്തൃതമായതിനാൽ കുറ്റകൃത്യങ്ങളോ അത്യാഹിതമോ സംഭവിച്ചാൽ പൊലിസ് എത്താൻ ഏറെ വൈകുന്നുവെന്ന ആക്ഷേപം ശക്തമാണ്.
കർണാടകയിൽ നിന്നും മറ്റും ഊടുവഴികളിലൂടെ ഇവിടെയെത്തുന്ന ക്രമിനൽ സംഘങ്ങൾ ഭീതി പരത്തുന്നത് പതിവാണ്. ഇത് പലപ്പോഴും ക്രമസമാധാനം തകർക്കുന്നതായും എ.കെ.എം അഷ്റഫ് പറഞ്ഞു.
കൃത്യം കഴിഞ്ഞ് കുറ്റവാളികൾ കർണാടകയിലേക്ക് കടക്കുന്നതും കള്ളക്കടത്തും ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവും പതിവാണ്.
കുമ്പള, മഞ്ചേശ്വരം സ്റ്റേഷനിലെ നിലവിലെ പൊലിസുകാരുടെ അംഗബലവും ഭൗതീക സൗകര്യങ്ങളുടെ അപര്യാപ്തതയും ഇതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
48 വില്ലേജുകളുള്ള കുമ്പള,മഞ്ചേശ്വരം പൊലിസ് സ്റ്റേഷനുകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി പൈവളിഗെയിൽ പുതിയ പോലിസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായും നാളിത് വരെ ഇത് യാഥാർഥ്യമായില്ലെന്നും എ.കെ.എം അഷ്റഫ് വ്യക്തമാക്കി.
നിർദ്ധിഷ്ട പൊലിസ് സ്റ്റേഷന് വേണ്ടി പൈവളിഗെ വില്ലേജിൽ 30 സെൻ്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്.
പൈവളിഗെ ആസ്ഥാനമായി പുതിയ പൊലിസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള പുതുക്കിയ പ്രപ്പോസൽ 03 - O 1 - 2024 തീയതിയിലെ എസ് 1- 193777/ 20222/ PHQ കത്ത് പ്രകാരം സംസ്ഥാന പൊലിസ് മേധാവി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. നിർദ്ധിഷ്ട
പൊലിസ് സ്റ്റേഷന് ആവശ്യമായ അംഗബലം പുനർവിന്യാസം മുഖേന കണ്ടെത്താൻ കഴിയുമെന്ന് ഈ കത്തിൽ വ്യക്തമാക്കിയതാണ്.
മഞ്ചേശ്വരം താലൂക്കിലെ ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന് നടപടിക്രമങ്ങൾ വേഗത്തിലാക്കി പൈവളിഗെ ആസ്ഥാനമായി പുതിയ പൊലിസ് സ്റ്റേഷൻ ആരംഭിക്കണമെന്നാണ് എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടത്.

