കുമ്പള.സാമുഹ്യ വനവൽക്കരണ വിഭാഗത്തിനു കീഴിൽ കുമ്പള പഞ്ചായത്തിലെ കൊടിയമ്മ പ്ലാൻ്റേഷനിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീ പിടുത്തം ഇതുവരെയും നിയന്ത്രണവിധേയമാക്കാനായില്ല.
ഉണങ്ങി പാകമായ കാറ്റാടി മരങ്ങളാണ് ഒരാഴ്ചയോളമായി രാത്രിയിലും പകലിലും കത്തിക്കൊണ്ടിരിക്കുന്നത്.
തീ പിടുത്തത്തിലും മഴക്കാലങ്ങളിൽ കടപുഴകിയും വീണ് നശിച്ചു കൊണ്ടിരിക്കുന്ന നൂറ് കണക്കിന് മരങ്ങളാണ് ഇതിനോടകം കത്തി തീർന്നത്.
കുമ്പള - ഷേഡികാവ് കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയോട് ചേർന്നാണ് മരങ്ങൾ രാത്രിയിലും പകലിലും ഒരുപോലെ കത്തുന്നത്.
നൂറ് കണക്കിന് വീടുകളും സ്കൂൾ, ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഭാഗത്താണ് വർഷങ്ങളായി തീ പിടുത്തമുണ്ടാകുന്നത്.
വിദ്യാർഥികളടക്കം നിരവധി ആളുകൾ നടന്നു പോകുന്ന വഴിയിൽ കെടാതെ തീ കത്തുന്നതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ.
പാകമായതും ഉണങ്ങിയതുമായ മരങ്ങൾ വെട്ടി മാറ്റാൻ നടപടിയില്ലാത്തതാണ് തുടർച്ചയായി തീ പിടുത്തത്തിന് കാരണമാകുന്നത്.
ഇത് സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാർത്ത നൽകിയിരുന്നു.
അഗ്നിരക്ഷാ സേന ഇടക്കിടെ വന്ന് തീ അണക്കുന്നുണ്ടെങ്കിലും പിന്നീട് തീ പടരുന്നതായാണ് കാണുന്നത്.
ഇക്കാര്യത്തിൽ വനം വകുപ്പ് അധികൃതരുടെ നിസംഗതക്കെതിരേ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

