മഞ്ചേശ്വരം.കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചതിനു ശേഷം ആശുപത്രിയില്‍ വച്ചുണ്ടായ പ്രതിയുടെ മരണം കൊലപാതകമെന്ന് പൊലിസ്.കേസിൽ ഒരാൾ അറസ്റ്റിലായി. പ്രതിയുടെ ബന്ധുവും സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചതിനു ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളുമായ കുഞ്ചത്തൂര്‍ കണ്വതീര്‍ഥയിലെ
അബ്ദുള്‍ റഷീദിനെയാണ് (28) മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയ്തത്.
മിയാപ്പദവ് പതംഗളയിലെ മൊയ്തീന്‍ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. മര്‍ദന തുടർന്നുള്ള പരുക്കും ആന്തരീക രക്ത സ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ അബ്ദുൽ റഷീദ് അറസ്റ്റിലായത്.
കേസില്‍ ഇനിയും പ്രതികള്‍ ഉള്ളതായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ മറ്റു പ്രതികൾ ആരൊക്കെയെന്ന് അറിയാനാകുവെന്നും പൊലിസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് കഞ്ചാവ് കടത്തിയതിനു മൊയ്തീന്‍ ആരിഫ് അറസ്റ്റിലായത്. പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു. സ്റ്റേഷനില്‍ നിന്ന് ബന്ധുവായ അബ്ദുള്‍ റഷീദിനൊപ്പമാണ് ഇരുചക്ര വാഹനത്തില്‍ പ്രതിയെ പൊലിസ് വിട്ടയച്ചത്. ഇതിനു ശേഷം വീട്ടിലെത്തിയ മൊയ്തീന്‍ ആരിഫ് തിങ്കളാഴ്ച രാവിലെയോടെ ഛര്‍ദ്ദിക്കുകയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ വച്ചാണ് പ്രതി മരിച്ചത്.
സ്‌റ്റേഷനില്‍ നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീൻ ആരിഫിനെ മര്‍ദിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.. കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയല്ല തല്ലിയതെന്നും, കഞ്ചാവ് ഉപയോഗം നിര്‍ത്തുന്നതിനുള്ള ഉപദേശത്തിനിടെ മൊയ്തീന്‍ ആരിഫ് അസഭ്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നുമാണ് അറസ്റ്റിലായ അബ്ദുള്‍ റഷീദ് നൽകിയ മൊഴി. കേസില്‍ നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും മഞ്ചേശ്വരം പൊലിസ് അറിയിച്ചു.

