കുമ്പള.അപകടാവസ്ഥയിലായ കഞ്ചിക്കട്ട പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതിനു പിന്നാലെ പാലം പൂർണമായും അടച്ചു.
ഇന്നലെ ഉച്ചയോടെ മൈനർ ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലത്തിൻ്റെ ഇരുവശങ്ങളിലും കോൺഗ്രീറ്റ് ഭിത്തി നിർമാണം തുടങ്ങി.രാത്രിയോടെ നിർമാണം പൂർത്തീകരിച്ചു.മൂന്ന് ദിവസം മുമ്പ് പാലത്തിൻ്റെ ഒന്നര കിലോമീറ്റർ ദൂരത്തായി, ഗതാഗതം നിരോധിച്ചു കൊണ്ടുള്ള രണ്ട് സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
ജില്ലാ കലക്ടർ രണ്ട് മാസം മുമ്പ് കഞ്ചിക്കട്ട പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പാലം അടക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചതോടെ താൽകാലികമായി ഇരുചക്ര, മൂചക്ര വാഹനങ്ങൾക്ക് കൂടി കടന്നു പോകാൻ പാകത്തിലാണ് വഴി അടച്ചത്.
ഇതോടെ വിദ്യാർഥികളടക്കമുള്ള നൂറ് കണക്കിന് യാത്രക്കാർക്ക് കുമ്പള നഗരത്തിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടാകും.
ബദൽ സംവിധാനം ഒരുക്കാതെ ധൃതി പിടിച്ച് പാലം അടച്ചതിനെതിരേ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

