കുമ്പള.തെരുവ് വിളക്കുകൾ പ്രകാശിക്കാതായതോടെ സന്ധ്യ മയങ്ങിയാൽ മൊഗ്രാൽ നാങ്കി തീരദേശ റോഡ് ഇരുട്ടിൽ.
നാങ്കി മുതൽ പെർവാട് കടപ്പുറം വരെയുള്ള നിരവധി തെരുവ് വിളക്കുകളാണ് മാസങ്ങളോളമായി കത്താതെ കിടക്കുന്നത്. നോമ്പുകാലമായതിനാൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് പള്ളികളിൽ എത്തുന്ന വിശ്വാസികൾക്കും മറ്റും റോഡിലെ ഇരുട്ട് പ്രയാസമുണ്ടാക്കുന്നു.
നായ, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും കൂടിയാകുമ്പോൾ രാത്രികാലങ്ങളിലെ വഴിയാത്രക്കാർ ആശങ്കയോടെയാണ് ഇതുവഴി പോകുന്നത്.
കോയിപ്പാടി മുതൽ മൊഗ്രാൽ കൊപ്പളംവരെ തീരദേശ റോഡിൽ വർഷങ്ങൾക്ക് മുമ്പായിരുന്നു തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
ഇത്തരത്തിൽ വിവിധ വാർഡുകളിലായി നൂറ് കണക്കിന് തെരുവ് വിളക്കുകളാണ് ഇലക്ട്രിക്ക് തൂണുകളിൽ പ്രകാശിക്കാതെ തുരുമ്പെടുത്തും തൂങ്ങിയും കിടക്കുന്നത്.
നാട്ടുകാർ, ഇക്കാര്യം പഞ്ചായത്ത് അംഗങ്ങളടക്കമുള്ള അധികാരികളോട് അറിയിച്ചിട്ടും
തെരുവ് വിളക്കുകൾ നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം വിളക്കുകൾ സ്ഥാപിച്ച ഏജൻസികൾക്ക് നൽകിയ കരാർ കാലവധി അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും
പുതിയ എഗ്രിമെൻ്റ് വെക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനാകാത്തത്.
അതേ സമയം പഞ്ചായത്ത് മുൻകൈയ്യെടുത്ത് നന്നാക്കാൻ ശ്രമം നടത്തി വരികയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
അതിനിടെ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരുവു വിളക്ക് പരിപാലനം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്( മീറ്റർ കമ്പനി) നൽകി 2024 ജനുവരി ആദ്യവാരം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
മിനി മാസ്റ്റ്,ഹൈമാസ്റ്റ്, എൽഇഡി എന്നിവയുടെ പരിപാലന ചുമതല കൈമാറാനാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രണ്ടുമാസം പിന്നിട്ടിട്ടും നന്നാക്കാൻ എന്തേ നടപടിയില്ലാത്തതെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.

