ഉപ്പള.ഉപ്പളയിൽ സ്വകാര്യ ബാങ്കിൻ്റെ എടിഎമിൽ പണം നിറക്കാനെത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് അരക്കോടി രൂപ കവർന്ന സംഘം വീണ്ടും ബെംഗളൂരുവിൽ കവർച്ച നടത്തി. എലഹങ്ക പൊലിസ് സ്റ്റേഷൻ പരിധിയിൽ കാറിന്റെ ചില്ല് തകർത്ത് സംഘം ലാപ്‌ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞു.
കർണാടക പൊലിസിനൊപ്പം ചേർന്ന് അന്വേഷണം വ്യാപിപ്പിക്കാൻ ബെംഗളൂരുവിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ പൊലിസ്.
ബെംഗളൂരുവിലെ കവർച്ചാ സംഘത്തിലും മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
മംഗളൂരുവിൽ മാർച്ച് 27 ന് രാവിലെ കാറിന്റെ ചില്ല് പൊട്ടിച്ച് ലാപ്‌ടോപ്പ് കവർന്ന അതേ രീതിയിലാണ് ബെംഗളൂരുവിലും പ്രതികൾ കൃത്യം നിർവഹിച്ചത്.
മംഗളൂരുവിൽ നിന്ന് ബസിൽ ഉപ്പളയിൽ വന്നിറങ്ങിയാണ് സംഘം എ.ടി.എമിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന അരക്കോടി രൂപ കവർന്നത്. ഉപ്പളയിലെ കവർച്ചയ്ക്കു ശേഷം ഓട്ടോയിലാണ് മൂവരും കാസർകോട് റെയിൽവേ സ്റ്റേഷൻ വരെ എത്തിയതെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, അവർ ഏത് ഭാഗത്തേക്ക് ടിക്കെറ്റെടുത്തെന്നും ട്രെയിൻ കയറിയെന്നും കണ്ടെത്താനായില്ല.
ഒരിടത്ത് സ്ഥിരമായി തമ്പടിക്കാതെ കവർച്ച ചെയ്ത മുതലുകൾ കൃത്യമായി കൈമാറുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വലിയൊരു സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് പിന്നിൽ മറ്റു പലരും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പൊലിസ്.

