കുമ്പള.വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ വിട പറയാൻ ദിവസങ്ങൾ മാത്രം.
റമദാനിലെ അവസാന വെളളിയാഴ്ച ഇന്ന് പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. പതിവിലും നേരത്തെ പള്ളികളിലെത്തിയവർ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടും ആത്മ നിർവൃതിയടഞ്ഞു.
ലോകമെമ്പാടുമുള്ള മുസ് ലിം സമൂഹം വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനിടെയായിരുന്നു നോമ്പ് കാലമെത്തിയത്.
അതുകൊണ്ടുതന്നെ ഉള്ളം നിറഞ്ഞ പ്രാർത്ഥനയിലായിരുന്നു വിശ്വാസികൾ.
ഇനി ശ്രേഷ്ഠമേറിയ "ലൈലത്തുൽ ഖദർ'' രാവ് പ്രതീക്ഷിച്ചുള്ള ദിനരാത്രങ്ങളിലെ ഓരോ നിമിഷവും വിശ്വാസിക്ക് വിലപ്പെട്ടതാണ്.
അവസാന വെളളിയാഴ്ചയിലെ പുണ്യം നുകരാനെത്തിയവർ
ജുമുഅ ഖുത്തുബയിലെ ഖത്തീബുമാരുടെ കണ്ഠമിടറിയുള്ള
"അസ്സലാമു അലൈക്കും യ ശഹ്റ റമദാൻ" റമദാന് വിടപറയൽ കേട്ട് വിശ്വാസികളുടെ കണ്ണുകളും ഈറനണിഞ്ഞു.
തളങ്കര മാലിക് ദീനാർ പള്ളിയിൽ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളുമുണ്ടായിരുന്നു .

