കുമ്പള.പേരാൽ ഗവ.ജൂനിയർ ബേസിക് സ്കൂളിൽ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ പൂച്ചെടികളും, പച്ചക്കറി കൃഷിയും നശിപ്പിച്ചു.
അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രോബാഗിൽ തയ്യാറാക്കിയ പച്ചക്കറി കൃഷിയും, സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച പൂച്ചെടികളുമാണ് നശിപ്പിച്ചത്.
സ്കൂളിന്റെ ഗേറ്റ് തകർത്തു അകത്തു കടക്കുക, ചുമരുകളിൽ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും, കുടിവെള്ളത്തിന്റെയും പൈപ്പുകൾ തകർക്കുക എന്നിവ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനായി സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികൾ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടിരുന്നു.
ആവശ്യം ഇതുവരെ പരിഗണിച്ചില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്.
വിഷയത്തിൽ പൊലിസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും,സ്കൂൾ പി.ടി.എ കമ്മിറ്റിയും.

